225 വർഷത്തെ പ്രൗഢപാരമ്പര്യം

The proud legacy of 225 years

1793ല്‍ കൊടുങ്ങല്ലൂര്‍ വികാരിയാത്തിന്റെ കീഴിലുള്ള കോഴിക്കോട് ദേവമാതാ (Mother of God) പള്ളിമേടയില്‍ ഫാദര്‍. ഗാബ്രിയേല്‍ ഗോൺസാല്‍വസ് വികാരിയായിരിക്കുമ്പോഴാണ് സെന്റ് ജോസഫ്‌സ് ബോയ്‌സിന്റെ സുദീർഘമായ ചരിത്രത്തിന് നാന്ദി കുറിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കീഴിലുള്ള ജീവനക്കാരുടെ മക്കൾക്ക് പഠിക്കാനുള്ള യൂറോപ്യൻ സ്കൂളായാണ് തുടങ്ങിയത്.

1793 മുതല്‍ 1860 വരെയുള്ള ഈ സ്‌കൂളിന്റെ ചരിത്രത്തെ സംബന്ധിക്കുന്ന അറിവ് വളരെ പരിമിതമാണ്. 1861ൽ കാർമിലൈറ്റ് (Carmelite) പാതിരിമാര്‍ ഈ സ്‌കൂളിന്റെ ഭരണ നിര്‍വ്വഹണം ഏറ്റെടുത്തു. ഇവരുടെ കാലഘട്ടത്തിലാണ് നമ്മുടെ സ്‌കൂളിന് സര്‍വ്വതോമുഖമായ പുരോഗതിയുണ്ടാകുന്നത്. 1861 മുതല്‍ 1869 വരെയും, 1873 മുതല്‍ 1884 വരെയുമാണ് അവരുടെ പ്രവര്‍ത്തനഘട്ടം. ഇതിനിടയിലുള്ള കുറച്ചു വര്‍ഷത്തേക്ക് അവര്‍ യൂറോപ്പിലേക്ക് തിരിച്ചുപോയതായി ചരിത്രരേഖകളില്‍ കാണുന്നു.

വടക്കേ മലബാറിലും സൗത്ത് കാനറയിലും ഈശോസഭ മിഷനറി പ്രവര്‍ത്തനം ആരംഭിക്കുന്നത് 1879ലാണ്. കാർമിലൈറ്റ് പാതിരിമാരിൽ നിന്നും ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ഈശോസഭ 1894ൽ ഏറ്റെടുത്തു. നിയന്ത്രണം ഏറ്റെടുത്തത് 1894ൽ ആണെങ്കിലും 1878 മുതല്‍തന്നെ ഈശോസഭക്കാര്‍ മാനേജര്‍മാരായി ഈ സ്‌കൂളിൽ സേവനമനുഷ്ഠിച്ചതായി കാണുന്നു. റവ. ഫാ. എ.മുള്ളര്‍ എസ്.ജെ. ആയിരുന്നു ഈ സ്‌കൂളിന്റെ ഈശോസഭാംഗമായിരുന്ന ആദ്യത്തെ മാനേജർ. തുടര്‍ന്ന് 1881വരെ റവ. ഫാ. റോസി എസ്.ജെയും 1881 മുതല്‍ 1889 വരെ റവ. ഫാ. ഇ. ലാസ്സറീന എസ്.ജെയും സ്‌കൂളിന്റെ മാനേജര്‍മാരായി സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ മാത്രമേ ഇവിടെ പഠിച്ചിരുന്നുള്ളു.

1888ല്‍ പീമട്രിക്കുലേഷന്‍ 4ാം ഫാറം (ഇന്നത്തെ എട്ടാംക്ലാസ്സ്) കൂട്ടിചേര്‍ത്തു. 1889 നവംബര്‍ 25ന് റവ. ഫാ. എ. കവലിയര്‍ എസ്.ജെ.യെ സ്‌കൂളിന്റെ മാനേജരായി അംഗീകരിച്ചു. 1889 മുതല്‍ 1900വരെ അദ്ദേഹമായിരുന്നു സ്‌കൂളിന്റെ മാനേജര്‍. ആധുനിക സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിന് അടിത്തറയിട്ടത് ഇദ്ദേഹമാണ്. 1894 വരെ ശ്രീ. സി.പി. ജോസഫ് ആയിരുന്നു ഹെഡ്മാസ്റ്റര്‍. വൈദികനല്ലാത്ത സ്‌കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തിന്റെ സ്ഥാനത്ത് ശ്രീ. എഫ്.ജെ. ജാക്വസ് അവരോധിക്കപ്പെട്ടു. ഫാ. എ. കവലിയര്‍ എസ്.ജെ. മംഗലാപുരത്തേക്ക് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കായി 1900 ജൂലൈ 15ന് സ്ഥലം മാറ്റപ്പെട്ടു. 1902ല്‍ എത്തിയ ഫാ. സി. ഗൊണ്‍സാല്‍വസ് എസ്.ജെ ആയിരുന്നു സ്‌കൂളിന്റെ ജസ്യൂട്ട് സഭാംഗമായ ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ശ്രീ. മൂര്‍ക്കോത്ത് കുമാരനില്‍ നിന്നാണ് അദ്ദേഹം ഹെഡ്മാസ്റ്റര്‍ സ്ഥാനം ഏറ്റെടുത്തത്.

1904 ജനുവരി 12ന് അഞ്ചാം ഫോറം (ഇന്നത്തെ ഒന്‍പതാം ക്ലാസ്സ്) ആരംഭിക്കുന്നതിനായി ഡി.പി.ഐയില്‍ നിന്നും അംഗീകാരം ലഭിച്ചു. ഈ വര്‍ഷംതന്നെ ഓഗസ്റ്റ് 10ന്, ആറാം ഫോറം (ഇന്നത്തെ പത്താം ക്ലാസ്സ്) ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭിക്കുകയും വിദ്യാര്‍ത്ഥികളെ പൊതുപരീക്ഷയ്ക്കിരുത്തുകയും ചെയ്തു.

പിന്നീട് 1906 മുതല്‍ 1913 വരെ തുടര്‍ച്ചയായി സ്‌കൂളിന്റെ പ്രിന്‍സിപ്പാളും മാനേജരുമായി ഫാദര്‍. കവലിര്‍ എസ്സ്.ജെ. നേരിട്ടു ഭാഗധേയത്വം വഹിച്ചു. 1906 സെപ്തംബര്‍ 7ന് കോഡ് ഓഫ് റെഗുലേഷന്‍സിന്റെ (Code of Regulations) അംഗീകാരമുള്ള യൂറോപ്യന്‍ ഹൈസ്‌കൂളായിത്തീര്‍ന്നു. റൈറ്റ്. റവ. ഡോ. കവലിയര്‍ എസ്സ്.ജെ.യുടെ നേതൃത്വത്തില്‍ ഫാദര്‍ റോസി എസ്സ്.ജെ, ഫാ. ജെ.ബി. പൊളെസെ എസ്സ്.ജെ എന്നിവരുള്‍പ്പെട്ട ഭരണാധികാരമുള്ള പുതിയ സംഘം നിലിവില്‍ വന്നു. ഫാ. കവലിയാര്‍ എസ്.ജെ. തന്റെ തനതായ വ്യക്തിമുദപതിപ്പിച്ചുകൊണ്ട് സ്‌കൂളിന്റെ പ്രിന്‍സിപ്പാളും കറസ്‌പോണ്ടന്റുമായി സ്തുത്യര്‍ഹമായ സേവനം തുടര്‍ന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് മിഡില്‍ സ്‌കൂളിനും ഹൈസ്‌കൂളിനും അനുബന്ധമായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. 1909 മാര്‍ച്ച് 15ന് കെട്ടിടത്തിനുള്ള പകുതി ഗ്രാന്റ് ഗവണ്‍മെന്റ് അനുവദിച്ചു കൊണ്ട് ഉത്തരവായി. 1910 ജൂലൈ 25ന് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. പരീക്ഷകളിലും കലാകായിക രംഗങ്ങളിലും ഉന്നത വിജയം നേടുന്ന സ്‌കൂൾ എന്ന ഖ്യാതി അക്കാലത്ത് തന്നെ ഉണ്ടായിരുന്നു.

1913 ജൂലൈ 1ന് ഫാദര്‍ കവലിയര്‍ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ആശ്രമഭരണാധിപനായി (Procurator General) ഉയര്‍ത്തപ്പെട്ടപ്പോൾ സ്‌കൂളിന്റെ അധികാരങ്ങള്‍ ഫാ. റെപ്പെറ്റോയ്ക്ക് കൈമാറി. ഈ വര്‍ഷത്തിലാണ് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിന്റെ ആദ്യത്തെ സ്‌കൂള്‍ മാഗസിന്‍ ജോസഫൈറ്റ് (Josephite) പ്രസിദ്ധീകരിച്ചത്. 1913 ഡിസംബര്‍ 25നായിരുന്നു ആ ചടങ്ങ് നിര്‍വ്വഹിക്കപ്പെട്ടത്.

പഠിക്കുന്നവർക്ക് സൗകര്യപ്രദമായ രീതിയില്‍ താമസിക്കന്നതിനുള്ള രണ്ടുനില കെട്ടിടത്തിന്റെ പണി 1914 ജൂണ്‍ 2ന് പൂര്‍ത്തിയായി. ഡിസംബര്‍ 25ന് രണ്ടാമത്തെ സ്‌കൂള്‍ മാഗസിന്‍ 'ജോസഫൈറ്റ്' പ്രസിദ്ധീകരിച്ചു.

1918-ൽ നഗരത്തെ പിടിച്ചുകുലുക്കിയ ‘ഇൻഫ്ളൂവൻസ’ ആക്രമണത്തിൽനിന്ന് സ്കൂളും മോചിതരായില്ല. രണ്ടുവിദ്യാർഥികൾ മരണപ്പെട്ടു. അധ്യയനവർഷംതന്നെ വെട്ടിച്ചുരുക്കി. അതേവർഷം തന്നെയാണ് കുട്ടികളുടെ പഠനപുരോഗതി രക്ഷിതാക്കളെ അറിയിക്കാനായി ‘പ്രതിമാസ’ റിപ്പോർട്ട്‌ നൽകിത്തുടങ്ങിയത്. പ്രോഗ്രസ് കാർഡെന്ന പേരിൽ ഇന്നും ഇത് നിലനിൽക്കുന്നു. പിന്നീട് 1921-ൽ മലബാർ കലാപകാലത്തും 1922-ൽ പ്ലേഗ് പടർന്നപ്പോഴും സ്കൂൾ ദിവസങ്ങളോളം അടച്ചിട്ടു.

1936 ജൂണില്‍ യൂറോപ്യന്‍ ഹൈസ്‌കൂളും സെന്റ് ആന്റണീസ് മിഡില്‍ സ്‌കൂളും കൂട്ടിച്ചേര്‍ത്ത് പുതിയ ഇന്ത്യന്‍ ഹൈസ്‌കൂള്‍ ആരംഭിച്ചു. ഈയവസരത്തില്‍ ഫാ. ഗിലാര്‍ദി ആയിരുന്നു സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍. അന്ന്‌ സ്വാതന്ത്ര്യസമരസേനാനികളായ കേളപ്പജി, ടി. ബാലകൃഷ്ണൻ തുടങ്ങിയവർ സ്കൂളിലെ അധ്യാപകരായിരുന്നു. സ്കൂളിലെ വിദ്യാർഥികളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമായി മാറി. ഫാ. ജോൺ എസ്. ഡിസൂസ ആയിരുന്നു സ്വതന്ത്ര ഭാരതത്തിലെ സ്‌കൂളിന്റെ ആദ്യ ഹെഡ്‌മാസ്റ്റർ.

1949 ജൂണ്‍ 19ന് റവ. ഫാ. അരാഹ്ന എസ്.ജെ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ പദവി ഏറ്റെടുത്തു. 1951 നവംബര്‍ 17ന് കോഴിക്കോട് ബിഷപ്പ് പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഒന്നാം നിലയില്‍ നാലുമുറികള്‍ 'ഡ്രില്‍ഷെഡ്' ആയി ഉപയോഗപ്പെടുത്തി. ആ വര്‍ഷം 1142 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. 1951-52 അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ മാഗസിനില്‍ ഇക്കാര്യം പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. 1952-ല്‍ ഇപ്പോഴുള്ള ബോര്‍ഡിംഗ് ഹൗസായ ന്യൂബ്ലോക്ക് നിര്‍മ്മിച്ചു. 1184 വിദ്യാര്‍ത്ഥികള്‍ ആ കാലഘട്ടത്തില്‍ ഇവിടെ പഠിച്ചിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് 106 പേര്‍ എഴുതിയതില്‍ 54 പേര്‍ വിജയിച്ചു.

1955 ജൂണില്‍ പ്രശസ്തനായ ഫാദര്‍ വര്‍ക്കി പുല്ലന്‍ എസ്.ജെ. ആയിരുന്നു സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍. രണ്ടു വര്‍ഷത്തിനു ശേഷം 1957 ജൂണില്‍ ഫാദര്‍ ആന്റണി മഞ്ചില്‍ എസ്.ജെ. ഹെഡ്മാസ്റ്ററായി. അദ്ദേഹത്തിന്റെ കാലത്താണ് 1957ല്‍ സെന്റ് ജോസഫ്‌സ് മിഡില്‍ സ്‌കൂളും സെന്റ് ആന്റണീസ് യു.പി. സ്‌കൂളും പരസ്പരം കൈമാറ്റപ്പെട്ടത്. സെന്റ് ജോസഫ്‌സ് മിഡില്‍ സ്‌കൂള്‍, റ്റി.ബി. റോഡിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1961-ൽ യു.പി. സ്കൂൾ ടി.ബി. റോഡിൽനിന്ന്‌ സെന്റ് ജോസഫ്‌സിലേക്ക് മാറ്റി.

1961 ജൂണ്‍ 29ന് റവ. ഫാ. അഗസ്റ്റിന്‍ ഇരട്ടമാക്കില്‍ എസ്.ജെ. ഹെഡ്മാസ്റ്ററുടെ ചാര്‍ജ് ഏറ്റെടുത്തു. 1963-64 അദ്ധ്യയന വര്‍ഷത്തില്‍ ഇവിടെ 1026 വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു. ആ വര്‍ഷം 120 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിരുന്നവരില്‍ 67% പേര്‍ വിജയിച്ചു. 1966 ആഗസ്റ്റ് 27ന് പുതിയ മാനേജരായി ഫാ. എം. ചാക്കോയേയും പുതിയ മാനേജിംഗ് കമ്മറ്റിയേയും ഡി.പി.ഐ. അംഗീകരിച്ചു. 1967 ജനുവരി 15ന് റവ. ഫാ. പെടദ്രോ അരൂപ്പേ എസ്.ജെ പൊതു സന്ദര്‍ശത്തിനായി സ്‌കൂളില്‍ വരികയും പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം, പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും നിലവിലുള്ളവരെയും അഭിസംബോധന ചെയ്തുകൊണ്ട് നിര്‍വ്വഹിച്ചു. 1968-69ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ അഭൂതപൂര്‍വ്വമായ, ഉന്നത വിജയമാണ് കരഗതമായത്. 106 പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ 103 പേര്‍ വിജയിച്ചു. വിജയ ശതമാനം 97.2.

1969ൽ വി.ജെ. ചുമ്മാര്‍ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ ചാര്‍ജ് ഏറ്റെടുത്തു. 1974ൽ ഫാ. അന്ത്രപ്പേര്‍ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ പദവി ഏറ്റെടുത്തു. തുടർന്നുള്ള വർഷങ്ങളിൽ ക്രമാനുഗതമായ വളർച്ചയാണ് സ്കൂളിനുണ്ടായത്. 1980-കളിൽ സ്കൂളിൽ ധാരാളം വികസനപ്രവർത്തനങ്ങൾ നടന്നു. നീണ്ട 12 വർഷങ്ങൾ സ്‌കൂളിന്റെ ഭരണസാരഥ്യം വഹിച്ച പ്രഗത്ഭനായ അദ്ദേഹത്തിന് ഏറ്റവും നല്ല അദ്ധ്യാപകനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഫാ. അന്ത്രപ്പേറിന്റെ സ്ഥാനത്ത് ഫാദര്‍ ജോസഫ് കല്ലേപ്പള്ളില്‍ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ പദവി അലങ്കരിക്കുന്നതിനായി എത്തിച്ചേര്‍ന്നത് 1986ലാണ്. ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സാരഥ്യത്തിൽ നടന്നിട്ടുണ്ട്. പുതിയ ഓഡിറ്റോറിയവും പല ക്ലാസ്സുമുറികളും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ (1986-1996) നിർമ്മിച്ചു. റിസള്‍ട്ടിന്റെ കാര്യത്തിലും കലാകായിക രംഗങ്ങളിലും എടുത്തുപറയാന്‍ കഴിയുന്ന മുന്നേറ്റങ്ങൾ ഇക്കാലത്തുണ്ടായി. സ്‌കൂളിന്റെ ഇരുന്നൂറാം വാർഷികം സമുചിതമായി ആഘോഷിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഈ വിദ്യാലയം രണ്ട് നൂറ്റാണ്ടുകൾ പൂർത്തിയാക്കിയ ഉജ്ജ്വലമായ ആ ചരിത്ര നിമിഷത്തിൽ മദർ തെരേസയായിരുന്നു വിശിഷ്ടാതിഥി.

1998ൽ ശ്രീ. ഡെൻസിൽ പോപ്പൻ ഹെഡ്‌മാസ്റ്ററ്ററായിരുന്നപ്പോഴാണ് സ്‌കൂളിൽ ആദ്യമായി പ്ലസ് റ്റു വിഭാഗം ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പാളും (1998-2000) അദ്ദേഹമായിരുന്നു. പിന്നീട് ഫാദർ എം.ജെ അഗസ്റ്റിനും ഫാദർ കെ.എ. ദേവസ്യയും സ്‌കൂളിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു. കൂട്ടായ തീരുമാനങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഇവർ സ്‌കൂളിനെ ജില്ലയിലെ ഏറ്റവും മികച്ച ഹയർ സെക്കണ്ടറി വിദ്യാലയമായി മാറ്റി. 2008-2017 കാലത്ത് ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. എം.വി.ജോർജ്ജ്, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ ഇവിടുത്തെ വിദ്യാർത്ഥികൾ നേടുന്നതിന് പിന്നിലുള്ള ചാലക ശക്തിയായി. ചെറിയ കാലയളവുകളിലേക്ക് ഹെഡ്‌മാസ്റ്റർമാരായിരുന്ന ശ്രീ. എൻ.എ. അഗസ്തി, ശ്രീ. ബാബു ജോസഫ് എന്നിവരും സ്‌കൂളിന്റെ പുരോഗതിയ്‌ക്കായി തങ്ങളുടേതായ സംഭാവനകൾ സമർപ്പിച്ചിട്ടുണ്ട്.

മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവുമുള്ള സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇന്ന് രണ്ടായിരത്തി ഇരുന്നൂറോളം ആൺകുട്ടികൾ വിദ്യയഭ്യസിക്കുന്നു. ഹയർ സെക്കണ്ടറിയിലെ 10 ഡിവിഷനുകളിലും ഹൈസ്‌കൂളിലെ 33 ഡിവിഷനുകളിലുമായാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. 68 അദ്ധ്യാപകരും 10 അനദ്ധ്യാപകരും സ്‌കൂളിൽ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരോടൊപ്പം രക്ഷാകർതൃസമിതിയും മാനേജ്‌മെന്റും ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങുന്നത് കൊണ്ട്, അദ്ധ്യായനവും പാഠ്യേതര പ്രവർത്തനങ്ങളും ഭംഗിയായി മുന്നോട്ട് പോവുന്നു.

സ്‌കൂളിന്റെ 225 ആം വാർഷികവുമായി ബന്ധപ്പെട്ട് ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതിയ ബ്ലോക്ക് നിർമ്മിച്ച് കഴിഞ്ഞു. ജൂബിലി പ്രമാണിച്ച് മറ്റ് ധാരാളം ആഘോഷ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വീടുവെച്ച് നൽകുന്നത് പോലുള്ള സമൂഹത്തിന് തീർത്തും മാതൃകാപരമായ കാര്യങ്ങളും നടക്കുന്നു.

അക്ഷരവെളിച്ചത്തിന്റെ 225 വർഷങ്ങൾ പിന്നിട്ട വിദ്യാലയങ്ങൾ ഇന്ത്യയിൽ തന്നെ വിരളമാണ്. അത്രയും നീണ്ട ചരിത്രമുള്ള ഈ മഹത്തായ വിദ്യാലയത്തിൽ നിന്നും പകർന്നു കിട്ടിയ അറിവുമായി ലോകത്തിന്റെ പല കോണുകളിലേക്ക് ചെന്നെത്തിയ പതിനായിരക്കണക്കിന് വിദ്യാർഥികളിലൂടെ പടർന്നു പന്തലിച്ച ഒരു വടവൃക്ഷമാണ് ഇന്നീ സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ. പ്രഗത്ഭരായ പുരോഹിതരും അദ്ധ്യാപകരും വിദ്യാർത്ഥികളുമെല്ലാം ചേർന്ന് സൃഷ്‌ടിച്ച ഈ വലിയ ചരിത്രത്തിന്റെ ഭാഗമായവർക്കെല്ലാം വിനീതമായ പ്രണാമം.

തോമസ് മാത്യു
മുൻ ഹെഡ്‌മാസ്റ്റർ
01-12-2017